National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ജാർഖണ്ഡ് ചൈബാസയിലെ ജനപ്രതിനിധികളുടെ കോടതിയാണ് അദ്ദേഹത്തിന് ജാമ്യം നല്‍കിയത്.
2018ല്‍ നടത്തിയ പ്രസംഗത്തിലെ കൊലപാതകക്കേസ് ഉള്ളവർക്കും ബിജെപി അധ്യക്ഷനാകാം എന്ന പരാമര്‍ശമാണ് വിവാദമായത്. ഈ പരാമര്‍ശം ബിജെപി പ്രവര്‍ത്തകരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതാപ് കാട്ടിയാര്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്.
Kerala
കുമരകം: രാജ്യം എല്ലാവരുടേതുമാണെന്നും വിഭജനത്തിന്റെ നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എല്ലാ മതസ്ഥരെയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ ദേശീയതയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ട് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അഖിലേന്ത്യാ തലത്തിൽ ദീപിക സംഘടിപ്പിക്കുന്ന "കളർ ഇന്ത്യ' പെയിന്റിംഗ് മത്സരത്തിന്റെ ലോഗോ പ്രകാശനത്തോടനുബന്ധിച്ച് കോട്ടയം കുമരകം താജ് ഹോട്ടലിൽ ദീപികയ്ക്കനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ഏതെങ്കിലും മതത്തെ തള്ളിപ്പറയുന്നത് ഇന്ത്യൻ സംസ്കാരമല്ല. മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ അവി ഭാജ്യ ഘടകങ്ങളാണ്. ഭരണഘടന ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ കർഷകർക്കുവേണ്ടി താൻ നിരന്തരം സംസാരിക്കുന്നുണ്ടെന്നും കർഷകർക്കു കൂടുതൽ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദീപിക കളർ ഇന്ത്യ ലോഗോ രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗം ജോണി കുരുവിള, ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ, സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ, പിആർഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവർ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ എംപി എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
കളര്‍ ഇന്ത്യ രജിസ്ട്രേഷൻ 25വരെ
കോട്ടയം: ‘ദീപിക കളര്‍ ഇന്ത്യ സീസണ് 4’ ന്റെ രജിസ്ട്രേഷൻ 25വരെ. ലഹരിക്കെതിരേയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാനുള്ള സന്ദേശവും കുട്ടികള്‍ക്കു പകര്‍ന്നു നല്കാൻ ലക്ഷ്യമിടുന്ന ദീപിക കളര്‍ ഇന്ത്യ സീസണ് 4 ൽ ഈ വർഷം പത്തു ലക്ഷം വിദ്യാര്‍ഥികളെങ്കിലും പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ദീപിക കളര്‍ ഇന്ത്യ സീസണ് 4 ഈ വർഷം ഓഗസ്റ്റ് എട്ടിനാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7034023226 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Kerala
ജിബിന്‍ കുര്യന്
പുതുപ്പള്ളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തനിക്കും പല തലങ്ങളില്‍ കേരളത്തിലെ എല്ലാവര്ക്കും ഗുരുവാണെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഗുരു അധ്യാപകന് മാത്രമല്ല, വഴികാട്ടിയുമാണ്. പ്രസംഗിച്ചോ നിര്‍ദേശിച്ചോ അല്ല ഉമ്മന്‍ ചാണ്ടി വഴി കാട്ടിയത്, മറിച്ച് മനുഷ്യസ്നേഹിയായ അദ്ദേഹം പ്രവൃത്തിയിലൂടെ എല്ലാവര്ക്കും വഴികാട്ടി.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി മൈതാനിയില്‍ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.
2004 മുതല്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് വിശാലമായ അനുഭവസമ്പത്ത് ഇല്ലെങ്കിലും കൃത്യമായ രാഷ്ട്രീയ നിരീക്ഷണമുണ്ട്. മനുഷ്യവികാരങ്ങളും വിചാരങ്ങളും ആശങ്കകളും മനസിലാക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഒരളവോളം കേരളീയര്‍ക്കായി അദ്ദേഹം സ്വയം ഇല്ലാതാകുകയായിരുന്നു. ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ ആരോഗ്യവും രോഗാവസ്ഥയും വകവയ്ക്കാതെ, ഡോക്ടര്‍മാര്‍ വിലക്കിയിട്ടും ഒപ്പം നടക്കാന്‍ വന്നു. പല തവണ വിലക്കിയിട്ടും അദ്ദേഹം സമ്മതിച്ചില്ല. കുറച്ചു ദൂരം നടന്നതിനുശേഷം നിര്‍ബന്ധിച്ച് അദ്ദേഹത്തെ കാറില്‍ കയറ്റുകയായിരുന്നു. ഉമ്മന്‍ ചാണ്ടി ഒരു വ്യക്തി മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ ആവിഷ്കാരമാണ്. ഉമ്മന്‍ ചാണ്ടിയെപ്പോലെ ഒരുപാട് ആളുകളെ വളര്‍ത്തിക്കൊണ്ടുവരുക എന്നതാണ് എന്റെ ആഗ്രഹം. ഒരു ന്യായവുമില്ലാത്ത ക്രൂരമായ രാഷ്ട്രീയ ആക്രമണമാണ് അദ്ദേഹം നേരിട്ടത്. പ്രതിയോഗികള്‍ നുണക്കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
അക്കാലത്ത് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചപ്പോഴൊക്കെ ആരോപണം ഉന്നയിച്ച ഒരാളെക്കുറിച്ചും അദ്ദേഹം ദേഷ്യത്തോടെ സംസാരിച്ചിട്ടില്ല. ഒരിക്കലും മനസ് ചഞ്ചലപ്പെടാതെ വിനയാന്വിതനായി ജനങ്ങള്‍ ക്കുവേണ്ടി പ്രവർത്തനനിരതനായി.
ശ്രവണ ശേഷി കുറഞ്ഞ കുട്ടികള്‍ക്കുള്ള സ്മൃതി തരംഗം പോലുള്ള പദ്ധതികള്‍ വോട്ട് കിട്ടാവുന്ന പദ്ധതിയല്ല. എന്നാല്‍, കേരളത്തിലെ ഓരോ കുഞ്ഞും മറ്റുള്ളവരെ കേള്‍ക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ചു. മറ്റുള്ളവരെ മനസിലാക്കാനും കേള്‍ക്കാനും കഴിയുന്ന രാഷ്ട്രീയം എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്.
ജനങ്ങളുടെ സ്നേഹവും വികാരവും മനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആര്‍ക്കും നേതാവാകാന്‍ പറ്റില്ല. രാഷ്ട്രീയത്തില്‍ നില്ക്കാന് പറ്റണമെങ്കില്‍ ജനങ്ങളെ കേള്‍ക്കാന്‍ പറ്റണം. ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെപ്പറ്റി ഇത്രയും പറയാന്‍ സാധിച്ചത് വലിയ ആദരവായി കരുതുന്നു. യുവനേതാക്കള്‍ ഉമ്മന്‍ ചാണ്ടിയുടെ പാത പിന്തുടരണം. കേരളത്തില്‍ അങ്ങനെയുള്ള ഒരു രാഷ്ട്രീയ സാഹചര്യം ഞാന്‍ ഉറ്റുനോക്കുന്നു-രാഹുല്‍ പറഞ്ഞു.
Kerala
കോട്ടയം: ഉമ്മൻ ചാണ്ടി വ്യക്തി മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ ആവിഷ്കാരമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രീയത്തിൽ താൻ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല അർഥത്തിലും അദ്ദേഹം തന്റെ ഗുരുവാണ്. കേരളത്തിലുള്ള പലർക്കും അദ്ദേഹം ഗുരുവാണ്. പ്രവൃത്തിയിലൂടെയാണ് ഉമ്മൻചാണ്ടി വഴി കാട്ടിയത്. ജനങ്ങളുടെ വികാരങ്ങൾ മനസിലാക്കി അവർക്കായി ചിന്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും രാഹുൽ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇത്തരത്തിലുള്ള വ്യക്തികളുടെ പാരമ്പര്യമുണ്ട്. ഉമ്മന്‍ചാണ്ടി ജനങ്ങൾക്കുവേണ്ടി എങ്ങനെ സ്വയം ഇല്ലാതായി എന്ന് തന്റെ 21 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ അടുത്ത് കണ്ടു. ഉമ്മൻ ചാണ്ടിയെപ്പോലെ ആളുകളെ വളർത്തിക്കൊണ്ടുവരികയാണ് തന്റെ ആഗ്രഹമെന്നും രാഹുൽ പറഞ്ഞു.
ഡോക്ടർമാർ അനുവദിക്കാതിരുന്നിട്ടും ഉമ്മൻചാണ്ടി ഭരത് ജോഡോയിൽ നടക്കാൻ വന്നു. ഒടുവിൽ ഞാൻ നിർബന്ധിച്ചാണ് അദ്ദേഹത്തെ മടക്കി അയച്ചത്. കേരള രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയെ പോലെ ഉള്ളവർ ഉണ്ടാകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Kerala
കോട്ടയം: ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുതുപ്പള്ളിയിലെത്തി. രാവിലെ പത്തിന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തിയ രാഹുൽ തുടർന്ന് ഉമ്മൻ ചാണ്ടി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു.
കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടക്കും. കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും തുടക്കമാകും.
National
ഭുവനേശ്വർ: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി താത്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ കടമ നിർവഹിക്കുന്നില്ല. മറിച്ച് ബിജെപിയുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിൽ സംഭവിച്ചതുപോലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും ബിജെപി ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണ്. ബിജെപി തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യുന്നത് ഇന്ത്യാ സഖ്യം തടയും. രാജ്യത്തുടനീളം ഭരണഘടനയെ ബിജെപി ആക്രമിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
വ്യാഴാഴ്ച നടന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ ബിജെപി ബിഹാർ തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യുന്നത് തടയാൻ തീരുമാനിച്ചതായി ലോക്സഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിജെപി സർക്കാർ അധർമികളായ അഞ്ചു മുതലാളിമാർക്കായാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ സാധാരണക്കാർക്കായി ഒന്നും പ്രവർത്തിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അമേരിക്ക ആഗോളരാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച പരസ്പരതീരുവകളുടെ മരവിപ്പിക്കൽ ഈ മാസം ഒന്‍പതിന് അവസാനിക്കാനിരിക്കേ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യങ്ങളോട് കേന്ദ്രം വഴങ്ങുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ട്രംപ് ഇന്ത്യക്കുമേൽ പ്രഖ്യാപിച്ചിട്ടുള്ള 26 ശതമാനം പരസ്പരതീരുവ ഒഴിവാക്കാനായി അമേരിക്കയുമായി കേന്ദ്രത്തിന്റെ വ്യാപാര ചർച്ചകൾ പുരോഗമിക്കുന്പോഴാണ് രാഹുലിന്റെ പ്രസ്താവന. അമേരിക്കയുമായുള്ള വ്യാപാരകരാർ ചർച്ചകളിൽ ഇന്ത്യ സമയപരിധിയേക്കാൾ രാജ്യതാത്പര്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയടങ്ങുന്ന വാർത്താശകലം എക്സിൽ പങ്കുവച്ചായിരുന്നു രാഹുൽ പ്രതികരിച്ചത്.
ട്രംപിന്റെ താരിഫ് സമയപരിധിക്കുമുന്നിൽ മോദി സൗമ്യമായി വഴങ്ങുമെന്നായിരുന്നു പിയൂഷ് ഗോയലിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് രാഹുൽ എക്സിൽ കുറിച്ചത്.
അമേരിക്കയുമായി നടത്തുന്ന ഇടക്കാല വ്യാപാര കരാർ ചർച്ചകളിൽ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനിതകമാറ്റം വരുത്തിയ വിളകൾക്കും പശുവിൻപാലിനും തീരുവ കുറക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. എന്നാൽ അത്തരമൊരു നീക്കം ഇന്ത്യയിലെ കർഷകരെ ബാധിക്കുമെന്നതിനാൽ ഇന്ത്യ ഇതുവരെ അനുകൂല നിലപാടെടുത്തിട്ടില്ല.
ശക്തമായ നിലയിൽനിന്നുകൊണ്ടാണു ഞങ്ങൾ ചർച്ചകൾ നടത്തുന്നതെന്നും സമയപരിധിക്കു കീഴിലല്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രാഹുലിന്റെ പ്രസ്താവനയ്ക്കെതിരേ പ്രതികരിച്ചത്. യുപിഎ സർക്കാരിന്റെ കാലത്ത് ദേശീയ താത്പര്യങ്ങൾ പരിഗണിക്കാതെ കരാറുകളിൽ ഒപ്പിട്ടിരുന്നുവെന്നും പിയൂഷ് ഗോയൽ ആരോപിച്ചു.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകളിൽ മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിൽ ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 767 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവന്നത്.
കർഷകർക്ക് സർക്കാർ നൽകിയിരുന്ന ഉറപ്പുകൾ പാലിക്കാതെ വ്യവസായ പ്രമുഖരെ പ്രീതിപ്പെടുത്തുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സർക്കാർ നിയമസഭയിലാണ് കർഷകആത്മഹത്യയുടെ കണക്ക് വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ സംസ്ഥാന സർക്കാർ കർഷകർക്ക് അടിയന്തര സാന്പത്തിക സഹായം ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടെന്നും അർഹരായ പലർക്കും നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി സഹായം നിഷേധിച്ചെന്നും കോണ്‍ഗ്രസ് എംഎൽഎമാർ ആരോപിച്ചിരുന്നു.
767 കർഷകരുടെ കുടുംബങ്ങൾ തകർന്നിട്ടും സർക്കാർ മൗനത്തിലാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. “കർഷകർ കടത്തിലേക്ക് ആഴത്തിൽ വീണുകൊണ്ടിരിക്കുന്നു. വിത്തുകൾക്കും വളങ്ങൾക്കും ഡീസലിനും ഉയർന്ന വിലയാണ്. വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) ഒരുറപ്പും നൽകിയിട്ടില്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് മോദി പറഞ്ഞിരുന്നത്, എന്നാൽ ഇന്നത്തെ സ്ഥിതിയിൽ അവരുടെ ജീവിതംതന്നെ പകുതിയായി കുറയുന്നു. സംവിധാനം കർഷകരെ നിശബ്ദമായി നിരന്തരം കൊല്ലുകയാണ്''- രാഹുൽ കുറ്റപ്പെടുത്തി.
കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യം സർക്കാർ നിരസിക്കുകയാണെന്നും അതേസമയം കോടിക്കണക്കിനു രൂപ കടങ്ങളുള്ളവരുടെ ബാധ്യതകൾ എഴുതിത്തള്ളുകയാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. വ്യവസായ പ്രമുഖനായ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിന്റെ ലോണ്‍ അക്കൗണ്ട് 'തട്ടിപ്പ്’ (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്താൻ എസ്ബിഐ തീരുമാനിച്ചതും രാഹുൽ എക്സിലിട്ട കുറിപ്പിൽ സൂചിപ്പിച്ചു.